May 16, 2022

MALAYALAM

 • സംസ്‌ഥാനത്ത്‌ പ്രഖ്യാപിച്ചിരുന്ന റെഡ്‌ അലർട്ട്‌ പിൻവലിച്ചു
  on May 16, 2022 at 9:45 am

  തിരുവനന്തപുരം> കനത്ത മഴയെ തുടര്ന്ന് സംസ്ഥാനത്ത് പുറപ്പെടുവിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. നിലവിൽ ഓറഞ്ചും, യെല്ലോ അലേർട്ടുകൾ മാത്രമാണുള്ളത്. സംസ്ഥാനത്ത് മെയ് 16 ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ് 17ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ് 18ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്ന്ന് മധ്യകേരളത്തില് വിപുലമായ തയാറെടുപ്പുകള് പൂര്ത്തിയാക്കി ജില്ലാഭരണകൂടങ്ങള്. ഇടുക്കി എറണാകുളം തൃശൂര് ജില്ലകളില് പ്രത്യേക കണ്ട്രോള് റൂമുകള് തുറന്നു. പ്രളയസമാന സാഹചര്യമുണ്ടായാല് നേരിടാന് പരിശീലനം ലഭിച്ച ദുരന്തപ്രതികരണസേനയെയും ജില്ലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

 • കൂളിമാട് പാലം: ബീം ചരിഞ്ഞത് നിര്‍മാണത്തകരാറല്ല, താങ്ങിനിര്‍ത്തിയ ജാക്കിക്കു പെട്ടെന്നുണ്ടായ തകരാര്‍- ഊരാളുങ്കല്‍
  on May 16, 2022 at 9:30 am

  കോഴിക്കോട്> നിര്മാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ ബീം ചരിയാന് ഇടയായത് അത് ഉയര്ത്തിനിര്ത്തിയിരുന്ന ഹൈഡ്രോളിക് ജാക്കികളില് ഒന്ന് പൊടുന്നനെ തകരാറിലായതുകൊണ്ടാണെന്ന് ഊരാളുങ്കല്. നിര്മാണത്തകരാറോ അശ്രദ്ധയൊ അല്ല, മറിച്ച് നിര്മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാര് മാത്രമാണ് സംഭവിച്ചതെന്നും ഊരാളുങ്കല് വ്യക്തമാക്കി മുന്കൂട്ടി വാര്ത്ത ബീമുകള് തുണുകളില് ഉറപ്പിക്കുന്നത് തൂണിനു മുകളില് ഉറപ്പിക്കുന്ന ബെയറിങ്ങിനു മുകളിലാണ്. അതിനായി ബീം ഉയര്ത്തിനിര്ത്തും. തുടര്ന്ന് അതിനടിയില് ബെയറിങ് പാഡ് വച്ച് കാസ്റ്റിങ്ങും സ്റ്റ്രെസ്സിങ്ങും ചെയ്യും. ശേഷം ബീം മെല്ലെ താഴ്ത്തി ഇതിന് മുകളില് ഉറപ്പിക്കും. ഇതാണ് രീതി. ജാക്കികള് ഉപയോഗിച്ചാണ് ഒരു ബീം ഉയര്ത്തി നിര്ത്തുന്നത്. ഇവ പ്രവര്ത്തിപ്പിച്ചാണ് ബീം താഴ്ത്തി തിരികെ ഉറപ്പിക്കുന്നതും. ഇപ്രകാരം ഉയര്ത്തിനിര്ത്തിയിരുന്ന ഒരു ബീം ഉറപ്പിക്കാനായി താഴ്ത്തുന്നതിനിടെ അതിനെ താങ്ങിനിര്ത്തിയിരുന്ന ജാക്കികളില് ഒന്ന് പ്രവര്ത്തിക്കാതാകുകയായിരുന്നു. അതോടെ ആ ബീം മറുവശത്തേക്കു ചരിഞ്ഞു. ഈ നിര്മാണത്തില് ഒരു സ്പാനിനെ (സ്ലാബിനെ) താങ്ങിനിര്ത്താന് മൂന്നു ബീമുകളാണ് വേണ്ടത്. അതില് ഒരരികിലെ ബീമാണ് ചാഞ്ഞത്. അത് നടുവിലെ ബീമില് മുട്ടിയിരുന്നു. നടുവിലെ ബീം ചരിഞ്ഞ് മറുപുറത്തെ ബീമിലും മുട്ടി. ആ ബിമാണ് മറിഞ്ഞത്. നിര്മാണമെല്ലാം തികഞ്ഞ ഗുണമേന്മയോടെതന്നെയാണു നടന്നുവരുന്നത്. ഇത് നിര്മാണത്തകരാറല്ല, നിര്മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനു പെട്ടെന്നുണ്ടായ തകരാര് മാത്രമാണ്. പ്രവര്ത്തിച്ചുകൊണ്ടിരുന്ന ജാക്കി പൊടുന്നനെ പ്രവര്ത്തിക്കാതായതാണ്. മാനുഷികമോ നിര്മാണപരമോ ആയ എന്തെങ്കിലും പിഴവ് ഇതില് ഉള്പ്പെട്ടിട്ടില്ല. ഗര്ഡറുകള് പുനഃസ്ഥാപിച്ച് പാലം നിര്മാണം സമയബന്ധിതമായി പൂര്ത്തിയാക്കാനുള്ള പ്രവര്ത്തനം ഉടന് ആരംഭിക്കുമെന്നും ഊരാളുങ്കല് വ്യക്തമാക്കി

 • സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു
  on May 16, 2022 at 9:24 am

  തിരുവനന്തപുരം> സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്ഷത്തിലെ ആദ്യ ക്വാര്ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ് 30 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഇന്ധനവില വര്ദ്ധനവും കോവിഡ് വ്യാപനവും മൂലം വാഹന ഉടമകൾ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തീയതി നീട്ടി നല്കിയതെന്ന് മന്ത്രി പറഞ്ഞു. നിലവില് മെയ് 15-നായിരുന്നു നികുതി പിഴ കൂടാതെ അടയ്ക്കേണ്ട തീയതി. നേരത്തെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ക്വാർട്ടറിലെ നികുതി അടക്കേണ്ട തീയതി ജൂൺ 30 വരെ ദീർഘിപ്പിച്ചിരുന്നു.

 • കല്ലാങ്കുഴി ഇരട്ടക്കൊലപാതകം: 25 പ്രതികള്‍ക്ക് ജീവപര്യന്തം; എല്ലാവരും ലീഗ് നേതാക്കളും പ്രവര്‍ത്തകരും
  on May 16, 2022 at 8:47 am

  പാലക്കാട്> കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയില് സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്ത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില് 25 പ്രതികള്ക്കും ജീവപര്യന്തം. എല്ലാ പ്രതികളും ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഒരു ലക്ഷം രൂപയില് 50,000 രൂപ വീതം കൊല്ലപ്പെട്ട രണ്ടുപേരുടെയും കുടുംബത്തിന് നല്കണം. കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന് വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ സി എം സിദ്ദീഖ്, ലീഗ് പ്രവര്ത്തകരായ നൗഷാദ് (പാണ്ടി നൗഷാദ്), നിജാസ്, ഷമീം, സലാഹുദ്ദീന്, ഷമീര്, കഞ്ഞിച്ചാലില് സുലൈമാന്, അമീര്, അബ്ദുള് ജലീല്, റഷീദ് (ബാപ്പുട്ടി), ഇസ്മയില് (ഇപ്പായി), പാലക്കാപറമ്പില് സുലൈമാന്, ഷിഹാബ്, മുസ്തഫ, നാസര്, ഹംസ (ഇക്കാപ്പ), ഫാസില്, സലീം, സെയ്താലി, താജുദ്ദീന്, ഷഹീര്, ഫാസില്, അംജാദ്, മുഹമ്മദ് മുബ്ഷീര്, മുഹമ്മദ് മുഹ്സിന് എന്നിവരാണ് പ്രതികള്. പാലക്കാട് അഡീഷണല് ഡിസ്ട്രിക്ട് ആന്ഡ് സെഷന്സ് നാലാം നമ്പര് അതിവേഗ കോടതി ജഡ്ജി ടി എച്ച് രജിതയാണ് കേസ് വിധിച്ചത്.2013 നവംബര് 20ന് രാത്രി ഒമ്പതിനാണ് കല്ലാങ്കുഴി പള്ളത്ത് വീട്ടില് കുഞ്ഞിഹംസ (48), സഹോദരന് നൂറുദ്ദീന് (42) എന്നിവരെ ലീഗുകാര് വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില് നിന്ന് ഇവരുടെ സഹോദരന് കുഞ്ഞുമുഹമ്മദ് (66) തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. ലീഗ് നേതാക്കളും പ്രവര്ത്തകരുമാണ് കേസിലെ പ്രതികള്. കല്ലാങ്കുഴി പള്ളിയില് ലീഗ് യോഗം ചേരല് അവസാനിപ്പിക്കണമെന്നും ആരാധനാലയത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കരുതെന്നും കുഞ്ഞിഹംസ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയില്നിന്ന് ഉത്തരവും വാങ്ങിയെടുത്തു. കൂടാതെ ലീഗിന്റെ സ്വാധീന മേഖലയില് ഡിവൈഎഫ്ഐ യൂണിറ്റ് ആരംഭിച്ചതും പ്രകോപനത്തിന് കാരണമായി. ലീഗ് നേതാവ് ഉള്പ്പടെയുള്ളവര് പ്രതിയായ കേസ് കുടുംബ പ്രശ്നമാണെന്ന് വരുത്തിത്തീര്ക്കാന് മുന് യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് ശ്രമിച്ചിരുന്നു. പ്രതികളെ പിടികൂടുന്നതില് ഉള്പ്പെടെ ഗുരുതര വീഴ്ച വരുത്തി. നിയമസഭയ്ക്കകത്തും പുറത്തും സിപിഐ എം നടത്തിയ പ്രതിഷേധത്തെത്തുടര്ന്നാണ് പ്രതികളെ പിടികൂടിയത്. കേസില് ആകെ 27 പ്രതികളാണുള്ളത്. പ്രതിയായിരുന്ന ഹംസപ്പ വിചാരണയ്ക്കിടെ മരിച്ചു. മറ്റൊരു പ്രതിക്ക് സംഭവം നടക്കുമ്പോള് പ്രായപൂര്ത്തിയാകാത്തതിനാല് ജുവനൈല് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

 • കുഞ്ഞുങ്ങള്‍ക്കുള്ള ബേബി ഫുഡില്ല; കുടുംബങ്ങള്‍ക്കായി 118 ലിറ്റര്‍ മുലപ്പാല്‍ വില്‍ക്കാനൊരുങ്ങി യുവതി
  on May 16, 2022 at 8:41 am

  വാഷിംഗ്ടണ്> കുഞ്ഞുങ്ങള്ക്കുള്ള ബേബി ഫുഡിന്റെ ക്ഷാമത്തെ തുടര്ന്ന് 118 ലിറ്റര് മുലപ്പാല് വില്പ്പന നടത്താനൊരുങ്ങി യുവതി. അമേരിക്കയിലാണ് 12 മാസത്തിന് താഴെ പ്രായമായ കുഞ്ഞുങ്ങളുടെ ഭക്ഷണത്തിന് ക്ഷാമം വന്നതോടെ യുവതി സ്വന്തം മുലപ്പാല് വില്ക്കാനൊരുങ്ങിയത്. ഫെബ്രുവരിയില് ബേബി ഫോര്മുല(ഇന്ഫന്റ് ഫോര്മുല)ഉല്പ്പന്നങ്ങള് നിര്മിക്കുന്ന കമ്പനികള് അടച്ചുപൂട്ടിയതിനെ തുടര്ന്നാണ് യുഎസില് വലിയ ക്ഷാമം നേരിട്ടത്. ദ്രവരൂപത്തിലും, പൊടിയില് വെള്ളം ചേര്ത്ത് ഉപയോഗിക്കുന്ന തരത്തിലുമായിരുന്നു കുഞ്ഞുങ്ങള്ക്ക് ഇവ നല്കിയിരുന്നത്.എന്നാല് നിലവിലെ കടുത്ത ക്ഷാമം മാതാപിതാക്കളില് വലിയ തോതില് ആശങ്കയ്ക്ക് കാരണമായി. ഇന്ഫന്റ് ഫോര്മുല, ബേബി ഫോര്മുല എന്നീ പേരുകളിലാണ് ഉല്പ്പന്നം വിപണിയിലെത്തിയിരുന്നത്.പടിഞ്ഞാറന് യുഎസിലെ ഉത്തയിലുള്ള ഒരമ്മയാണ് മുലപ്പാല് ശേഖരിച്ച് വില്പ്പന നടത്തുന്നത്. 4000 ഔണ്സ് പാലാണ് യുവതി നല്കുന്നത്. അലിസ ചിറ്റിയാണ് വലിയ പ്രതിസന്ധിക്കിടയില് യുഎസിലെ രക്ഷിതാക്കള്ക്ക് തണലായത്. നിരവധി സ്ത്രീകള് ഇത്തരത്തില് യുഎസില് മുലപ്പാല് വില്ക്കുന്നുണ്ടെന്നും വിവരമുണ്ട്. ഒരു ഡോളറിന് മുലപ്പാല് വില്ക്കാനുള്ള തയ്യാറെടുപ്പിലാണ് അലിസ. മാതാപിതാക്കളുമായി ഇതുമായി ബന്ധപ്പെട്ട ചര്ച്ച തുടരുകയാണെന്ന് അലീിസ പറഞ്ഞു.

 • കെ റെയില്‍: സാമൂഹ്യാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം
  on May 16, 2022 at 8:05 am

  തിരുവനന്തപുരം> കെ റെയില് സാമൂഹ്യാഘാത പഠനം ഇനി ജിപിഎസ് സംവിധാനം വഴി. ജിയോ ടാഗ് സംവിധാനം വഴിയാകും ഇനി പഠനം നടക്കുക. ഇത് സംബന്ധിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി. സാമൂഹ്യാഘാതപഠനം വേഗത്തിലാക്കുന്നതിനാണ് പുതിയ സംവിധാനം

 • ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനം ഉറവിട നശീകരണം: മന്ത്രി വീണാ ജോര്‍ജ്
  on May 16, 2022 at 6:41 am

  തിരുവനന്തപുരം> സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില് പകര്ച്ചവ്യാധികള്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പുലര്ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില് ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള് കണ്ടാല് സ്വയം ചികിത്സ ഒഴിവാക്കി ഉടന് ചികിത്സ തേടണം. നേരത്തെയുള്ള രോഗനിര്ണയവും ചികിത്സയും, രോഗം വഷളാകുന്നതും മരണവും തടയാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേയ് 16ന് ദേശീയ ഡെങ്കിപ്പനി ദിനമാണ്. ‘ഡെങ്കിപ്പനി പ്രതിരോധിക്കാന് നമുക്ക് കൈകോര്ക്കാം’ എന്നതാണ് ഈ വര്ഷത്തെ ഡെങ്കിപ്പനിദിന സന്ദേശം. എന്താണ് ഡെങ്കിപ്പനി ഒരു വൈറല് രോഗമാണ് ഡെങ്കിപ്പനി. ശുദ്ധജലത്തില് വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകര്ത്തുന്നത്. ഈഡിസ് കൊതുകുകള് സാധാരണയായി പകല് സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില് പ്രവേശിച്ച് 3 മുതല് 14 ദിവസങ്ങള്ക്കുള്ളില് മനുഷ്യരില് രോഗ ലക്ഷണങ്ങള് കണ്ടുതുടങ്ങുന്നു. രോഗ ലക്ഷണങ്ങള് പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്, ഓക്കാനവും ഛര്ദ്ദിയും എന്നിവയാണ് ആരംഭത്തില് കാണുന്ന ലക്ഷണങ്ങള്. അപകട സൂചനകള് പനി കുറയുമ്പോള് താഴെപ്പറയുന്ന അപകട സൂചനകള് ഉണ്ടാകുന്നുവെങ്കില് എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയില് എത്തിക്കുക. തുടര്ച്ചയായ ഛര്ദ്ദി, വയറുവേദന, ഏതെങ്കിലും ശരീര ഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കല്, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളര്ച്ച, ശ്വസിക്കാന് പ്രയാസം, രക്തസമ്മര്ദ്ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില് തുടര്ച്ചയായ കരച്ചില്. പ്രായാധിക്യമുള്ളവര്, ഒരു വയസിനു താഴെയുള്ള കുട്ടികള്, പ്രമേഹം, രക്താതിമര്ദം, ഹൃദ്രോഗം, അര്ബുദം മുതലായ രോഗങ്ങളുള്ളവര്, രോഗപ്രതിരോധശേഷി കുറഞ്ഞവര് എന്നിവരില് ഡെങ്കിപ്പനിയെ തുടര്ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്ക്കുള്ള സാധ്യത കൂടുതലാണ്. ചികിത്സ വളരെ പ്രധാനം എത്രയും വേഗം ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. രോഗബാധിതര് സമ്പൂര്ണ വിശ്രമം എടുക്കേണ്ടതാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, പഴച്ചാറുകള്, മറ്റു പാനീയങ്ങള് എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവര് വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകു വലക്കുള്ളില് ആയിരിക്കണം. ഡെങ്കിപ്പനി ബാധിതര് കൊതുകുകടി ഏല്ക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാന് സഹായിക്കും. പ്രതിരോധ മാര്ഗങ്ങള് കൊതുക് വളരാതിരിക്കാന് ഒരു തുള്ളി വെള്ളം പോലും കെട്ടി നിര്ത്തരുത്. കഴിഞ്ഞ വര്ഷങ്ങളില് ഡെങ്കിപ്പനി കേസുകള് കൂടുതല് റിപ്പോര്ട്ട് ചെയ്ത സ്ഥലങ്ങളിലെ വീടുകളിലേയും സ്ഥാപനങ്ങളിലേയും അകത്ത് കൂത്താടികളുടെ സാന്നിധ്യം വളരെയധികം കണ്ടിരുന്നു. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്, ദ്രവിക്കാത്ത മാലിന്യങ്ങള്, ഉപയോഗമില്ലാത്ത ടയറുകള്, ബക്കറ്റുകള് മുതലായ പറമ്പില് അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള് ആഴ്ചയിലൊരിക്കല് നീക്കം ചെയ്ത് സുരക്ഷിതമായി സംസ്ക്കരിക്കുക. ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികള്ക്കടിയിലെ പാത്രം, വാട്ടര് കൂളറുകള്, ഫ്ളവര് വേസുകള്, വളര്ത്തുമൃഗങ്ങള്ക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയില് ഒരിക്കലെങ്കിലും മാറ്റണം. വെള്ളം അടച്ച് സൂക്ഷിക്കുക. ജലസംഭരണികള് കൊതുക് കടക്കാത്ത രീതിയില് വലയോ, തുണിയോ ഉപയോഗിച്ച് പൂര്ണമായി മൂടി വയ്ക്കുക കൊതുകുകടി ഏല്ക്കാതിരിക്കാന് കൊതുകിനെ അകറ്റുന്ന ലേപനങ്ങള് ഉപയോഗിക്കുക. ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള് ധരിക്കുക. ജനലുകളും വാതിലുകളും കൊതുകു കടക്കാതെ അടച്ചിടുക. പകല് ഉറങ്ങുമ്പോള് പോലും കൊതുകുവല ഉപയോഗിക്കുക. ആഴ്ചയിലൊരിക്കല് കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കുക.

 • അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ്‌ മത്സ്യത്തൊഴിലാളി മരിച്ചു
  on May 16, 2022 at 6:18 am

  തിരുവനന്തപുരം> അഞ്ചുതെങ്ങിൽ മീൻപിടിത്ത വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. പുത്തൻമണ്ണ് ലക്ഷം വീട്ടിൽ ആൻറണിയുടെ മകൻ ബാബുവാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മീൻപിടിക്കുന്നതിനിടെ പ്രിൻസ് എന്ന വള്ളം മറിയുകയായിരുന്നു. ബാബുവിനൊപ്പം കടലിൽ വീണ മറ്റ് രണ്ടുപേരെ രക്ഷിച്ചു.

 • ശൗചാലയത്തില്‍ ഭക്ഷണം സൂക്ഷിച്ചു; ചിത്രം പകര്‍ത്തിയ ഡോക്ടര്‍ക്ക് മര്‍ദനം
  on May 16, 2022 at 6:00 am

  പയ്യന്നൂര്> ഹോട്ടലിലെ ശൗചാലയത്തില് ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധയില്പെട്ടതിനെ തുടര്ന്ന് ചിത്രങ്ങള് പകര്ത്തിയ ഡോക്ടര്ക്ക് നേരേ അക്രമം. സംഭവത്തില് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെ പത്തോടെ പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെ സി റെസ്റ്റോറന്റിലാണ് സംഭവം.സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടല് ഉടമയുമുള്പ്പെടെ മൂന്നുപേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. ഡോ. സുബ്ബരായയും ആസ്പത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേര് റസ്റ്റോറന്റില് ഭക്ഷണം കഴിക്കാന് കയറി. തുടര്ന്ന് ശൗചാലയത്തില് പോയപ്പോഴാണ് ശൗചാലയത്തില് ഭക്ഷണസാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചതായി ഇവര് കണ്ടത്. ബന്തടുക്ക പിഎച്ച്സിയിലെ മെഡിക്കല് ഓഫീസര് ഡോ സുബ്ബരായയെ ആക്രമിച്ചതിന് ഹോട്ടലുടമ ചുമടുതാങ്ങി കെ സി ഹൗസിലെ മുഹമ്മദ് മൊയ്തീന് (28), സഹോദരി സമീന (29) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന് ടി.ദാസന് (70), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

 • മാവൂരിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു
  on May 16, 2022 at 5:39 am

  കോഴിക്കോട്> മാവൂരിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു. കൂളിമാട് ‐ മലപ്പുറം പാലത്തിന്റെ ബീം ഇളകി താഴെ വീഴുകയായിരുന്നു. ചാലിയാറിന് കുറുകെ മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.

 • യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
  on May 16, 2022 at 5:27 am

  എറണാകുളം> കുമ്പളത്ത് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്. കുമ്പളം തച്ചം വീട്ടില് ശശിയുടെയും ഷീലയുടെയും മകന് നിതീഷ് കുമാറാണ് മരിച്ചത്. ടിഎസ് ഷിജേഷ് കുമാര് സഹോദരനാണ്. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി

 • കളി പഠിപ്പിച്ചത്‌ അച്ഛൻ, കരുത്തായ്‌ അമ്മ; പ്രണോയ്‌ നേടി തോമസ്‌ കപ്പ്‌
  on May 16, 2022 at 5:14 am

  തിരുവനന്തപുരം> എട്ടാം വയസ്സിൽ അച്ഛന്റെ കൈപിടിച്ച് ബാഡ്മിന്റൺ കോർട്ടിലെത്തിയതാണ് എച്ച് എസ് പ്രണോയ്. മകനെ കളി പഠിപ്പിച്ചതും അച്ഛൻ സുനിൽകുമാർ. പ്രോത്സാഹനമേകി ഒപ്പം നിന്നു അമ്മ ഹസീന. അച്ഛൻ പകർന്ന കളിയടവുകളും അമ്മയുടെ സ്നേഹവും പ്രതിഭയ്ക്ക് കരുത്തായപ്പോൾ തിരുവനന്തപുരത്തുകാരനിലൂടെ രാജ്യത്തിന് ലഭിച്ചു തോമസ് കപ്പ്. പതിനാറ് വയസ്സുവരെ അച്ഛനായിരുന്നു പരിശീലകൻ. അതിനുശേഷമാണ് പ്രണോയ് ഗോപീചന്ദ് അക്കാദമിയിലെത്തുന്നത്. ‘കുട്ടി പ്രണോയ്’ റാക്കറ്റെടുത്ത ആദ്യ നാളുകളിൽ മികവ് തിരിച്ചറിഞ്ഞു. സംസ്ഥാന ചാമ്പ്യൻഷിപ്പുകളടക്കം ഇക്കാലളവിൽ നേടി. പ്ലസ്വണ്ണിന് പ്രമുഖ സ്കൂളിൽ പ്രവേശനം ലഭിച്ച വേളയിലാണ് ജൂനിയർ വേൾഡ് കപ്പ് വരുന്നത്. സ്കൂൾ അധികൃതർക്ക് ഹാജർ നിർബന്ധം. അവർ പറഞ്ഞതനുസരിച്ചാൽ ദേശീയ ക്യാമ്പും വേൾഡ് കപ്പും നഷ്ടമാകും. കളി നഷ്ടമാകാതിരിക്കാൻ ആ സ്കൂളിൽ നിന്നും ടിസി വാങ്ങി ഓപ്പൺ സ്കൂളിൽ ചേർക്കുകയായിരുന്നു. ആ പിന്തുണയുടെയും കരുതലിന്റെയും ഊർജത്തിലാണ് പ്രണോയിയുടെ ജൈത്രയാത്ര. ‘‘ മകൻ അംഗമായ ടീം തോമസ് കപ്പ് നേടിയതിൽ വളരെ സന്തോഷും അഭിമാനവുമുണ്ട്. ഫൈനലിൽ അവന് ഇറങ്ങാൻ കഴിയാതിരുന്നതിൽ വിഷമമില്ല. ഇന്ത്യ സ്വർണം നേടുകയാണ് പ്രധാനം. അത് സാധിച്ചു. സെമി ഫൈനലിൽ പ്രണോയ് പരിക്ക് മറന്ന് ഉജ്വലമായാണ് കളിച്ചത്. കളി കഴിഞ്ഞശേഷം അവൻ വിളിച്ചിരുന്നു. ഈ വിജയം നാടിനും വളർന്നുവരുന്ന താരങ്ങൾക്കും പ്രചോദനമാകും. -സുനിൽകുമാറിന്റെയും ഹസീനയുടെയും വാക്കുകൾ. ‘‘പവർ ഗെയിമാണ് അവന്റേത്. ഈ ശൈലിയിൽ പരിക്കേൽക്കാനുള്ള സാധ്യതയും കൂടുതൽ. പരിക്കുകളാണ് പലപ്പോഴും അവന് തിരിച്ചടിയായത്. കളിയെപ്പറ്റിയെല്ലാം വീട്ടിൽ ചർച്ച ചെയ്യും. കളിക്കാൻ പറ്റാവുന്നിടത്തോളം അവൻ കളിക്കണമെന്നാണ് ആഗ്രഹമെന്നും ഇരുവരും പറഞ്ഞു. ആനയറ സ്വദേശികളാണ് പ്രണോയിയുടെ മാതാപിതാക്കൾ. നിലവിൽ ആക്കുളത്താണ് താമസം. സഹോദരി പ്രിയങ്ക.

 • ഫേസ്ബുക്കില്‍ ലൈവായി ആത്മഹത്യ ശ്രമം; യുവാവിനെ രക്ഷിച്ച് പൊലീസ്
  on May 16, 2022 at 5:00 am

  പാലാ> ഫേസ്ബുക്കില് ലൈവായി ആത്മഹത്യ ശ്രമം പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു. പാലാ കിഴതടിയൂര് സ്വദേശിയായ മുപ്പതുകാരനാണ് ഫേസ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യാശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വീട്ടില് തനിച്ചായിരുന്ന സമയമാണ് യുവാവ് ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് ഫേസ്ബുക്കില് ലൈവ് ഇട്ടത്. എന്നാല് ഇതുകണ്ട ഒരു വ്യക്തി വിവരമറിയിച്ചതിനെ തുടര്ന്ന് പൊലീസെത്തി യുവാവിനെ രക്ഷിച്ച് ആശുപത്രിയില് പ്രവേശിപ്പിച്ചു. . ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങള് പ്രചരിച്ചത്.

 • കാഞ്ഞങ്ങാട് സഹകരണ ബാങ്ക് മുന്‍ മാനേജര്‍ സി ബാലകൃഷ്‌ണന്‍ അന്തരിച്ചു
  on May 16, 2022 at 4:18 am

  കാസര്കോട്> കാഞ്ഞങ്ങാട് സഹകരണ ബാങ്ക് മുന് മാനേജറും മികച്ച സംഘാടകനുമായിരുന്ന സി ബാലകൃഷ്ണന് (68) അന്തരിച്ചു. സിപിഐ എം അജാനൂര് ലോക്കല് കമ്മിറ്റി അംഗം, കര്ഷക സംഘം ജില്ലാ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയാ പ്രസിഡന്റ് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് സഹകരണ ആശുപത്രി യാഥാര്ഥ്യമാക്കാന് മുന്നിരയില് നിന്ന് പ്രവര്ത്തിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ആശുപത്രിയില് പുലര്ച്ചെ 3 മണിക്കാണ് അന്ത്യം. ഭാര്യ: ഡോ.ശ്യാമള. മക്കള്: ഡോ.നിതാന്ത്, ശബാന.

 • അറിയും തോറും അകലം കൂടുകയാണ്; പുതിയ ഇനം പക്ഷികള്‍ കാഴ്ചകളിലേയ്ക്ക്‌
  on May 15, 2022 at 8:08 pm

  താമരശേരി> താമരശേരി ഈങ്ങാപ്പുഴയിലെ ജൈവവൈവിധ്യ പാർക്കിൽ പുതിയ ഇനം പക്ഷികളെ കണ്ടെത്തി. ലോക ദേശാടനപക്ഷി ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് സാമൂഹ്യവനവൽക്കരണ വിജ്ഞാന വിഭാഗം, കോഴിക്കോട് ബേഡേഴ്സ്, കാക്കവയൽ വനസംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർവേയിലാണ് വിവിധയിനം പക്ഷികളെ കണ്ടെത്തിയത്. മാക്കാച്ചിക്കാട (Sri Lanka Frogmouth), രാച്ചാങ്ങൻ (Jerdon’s Nightjar) പുള്ളിച്ചിലപ്പൻ (Puff throated Babbler), തീക്കാക്ക (Malabar Trogon) എന്നിവ ഉൾപ്പെടെ 35 ഇനം പക്ഷികളെ കണ്ടെത്തി. മാക്കാച്ചിക്കാടയെ ആദ്യമായാണ് ഇവിടെ കണ്ടെത്തുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് 38 പേർ ചേർന്നാണ് സർവേ പൂർത്തീകരിച്ചത്. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ ഉദ്ഘാടനംചെയ്തു. എബ്രഹാം അധ്യക്ഷനായി. ഫോറസ്റ്റ് ഓഫീസർമാരായ ടി സുരേഷ്, എം ആർ സുരേഷ്, ആൻസി ഡയാന, ഭവ്യ ഭാസ്കർ, പക്ഷിനിരീക്ഷകരായ വി കെ മുഹമ്മദ് ഹിറാഷ്, എംപി സുബൈർ, യദു പ്രസാദ് എന്നിവർ നേതൃത്വംനൽകി. കൊടുവള്ളി ഗവ. കോളേജ് സുവോളജി വിദ്യാർഥികളും വനംവകുപ്പ് ജീവനക്കാരും സർവേയിൽ പങ്കാളികളായി.

 • പന്ത്രണ്ട്‌ വർഷം വീട്ടിനുള്ളിൽ, വീണ്ടും പുറംലോകം കണ്ടു; യൂസഫ്‌ പെരുത്ത്‌ സന്തോഷത്തിലാണ്‌
  on May 15, 2022 at 7:30 pm

  കുന്നിക്കോട്> പന്ത്രണ്ട് വർഷം വീട്ടിനുള്ളിൽ കഴിച്ചുകൂട്ടിയ യൂസഫ് വീണ്ടും പുറംലോകം കണ്ടു. സ്വയം നിയന്ത്രിക്കാവുന്ന വീൽച്ചെയറിൽ വീടിനു പുറത്തിറങ്ങി. പെരുത്ത് സന്തോഷത്തിലാണ് ഈ അറുപത്തിയഞ്ചുകാരൻ. ജില്ലാ പഞ്ചായത്ത് നൽകിയ ജിയോ സ്റ്റിക്ക് ഓപ്പറേറ്റഡ് മോട്ടോർ റൈസ്ഡ് വീൽചെയറിലാണ് ഇനി യൂസഫിന്റെ യാത്ര. ആവണീശ്വരം ബീനാ മൻസിലിൽ യൂസഫ്കുഞ്ഞിന് ഡ്രൈവറായിരിക്കെ നടുവേദന ഉണ്ടായതാണ് തുടക്കം. സെർവിക്കൽ സിൻഡ്രം ആണെന്ന് പിന്നീട് അറിഞ്ഞു. കിടപ്പാടം വിറ്റുവരെ ചികിത്സതേടിയെങ്കിലും വാടക വീടിന്റെ ചുവരുകൾക്ക് പുറത്തേക്കിറങ്ങാൻ കഴിഞ്ഞില്ല. പ്രാഥമികാവശ്യങ്ങൾപോലും പരസഹായത്താലാണ് നിർവഹിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ വീൽച്ചെയറിനാണ് അപേക്ഷിച്ചത്. മോട്ടോർ ചെയറാണ് യൂസഫിന് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്അംഗം പി അനന്തുവും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്അംഗം സി സജീവനും ചേർന്ന് മോട്ടോർ റൈസ്ഡ് വീൽചെയർ യൂസഫിന് കൈമാറി. ഇളമ്പൽ എലിക്കോട് സിമി ഭവനിൽ സന്ധ്യയ്ക്കും മോട്ടോർ റൈസ്ഡ് വീൽച്ചെയർ വിതരണംചെയ്തു. സി വിജയൻ, ബി വിഷ്ണു, ഗിരീഷ്തമ്പി, എ വഹാബ്, അൻവർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 • അഷ്ടമുടിക്കായലിലെ കണ്ടല്‍ത്തുരുത്തുകള്‍ക്ക് ശ്വാസം മുട്ടുന്നു; മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍
  on May 15, 2022 at 7:30 pm

  കൊല്ലം അഷ്ടമുടിക്കായലിലെ കണ്ടൽത്തുരുത്തുകൾ മാലിന്യം തള്ളിയും തീയിട്ടും നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ. ആൾത്താമസമില്ലാത്ത ചെറുതുരുത്തുകളിലെ സമൃദ്ധമായ കണ്ടൽക്കാടുകളിലാണ് മീൻപിടിത്ത ബോട്ടുകൾ പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങൾ തള്ളി തീയിടുന്നത്. ശക്തികുളങ്ങര കല്ലുപുറം കടവിൽനിന്ന് പുത്തൻതുരുത്തിലേക്ക് പോകുന്നതിന് സമീപം ചെറുതുരുത്തുകളിലെ കണ്ടൽക്കാടുകളിലെല്ലാം ഈ ദുരന്തകാഴ്ചയുണ്ട്. കായലിന്റെ തീരദേശങ്ങളിൽ ബോട്ട് പൊളിക്കുന്ന വർക്ഷോപ്പുകളിലെ അവശിഷ്ടങ്ങൾ എത്തുന്നത് ഈ തുരുത്തുകളിലാണ്. ദിവസവും തുടർച്ചയായി എത്തിക്കുന്ന മാലിന്യം ശനിയാഴ്ചയാണ് കത്തിക്കുന്നത്. വിഷയം പൊലീസിന്റെയും വനംവകുപ്പ് അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ല. വള്ളത്തിൽ കയറി തുരുത്തിൽ എത്തിച്ചേരുന്നതിന്റെ ജീവഭയംകൊണ്ട് പൊലീസ് ഇതുവരെ സ്ഥലം സന്ദർശിച്ചിട്ടില്ല. തുരുത്തുകൾ 
രോഗക്കിടക്കയിൽ | ബോട്ടുപൊളിക്കുന്നതിന്റെ അവശിഷ്ടങ്ങളായ ഇരുമ്പിനും തുരുമ്പിനുമൊപ്പം തെർമോകോൾ, ഫൈബർ, സ്പോഞ്ച് എന്നിവയാണ് കണ്ടൽക്കാടിന് ഇടയിലേക്ക് വലിയ തോതിൽ തള്ളുന്നത്. ഇവ കത്തിക്കുമ്പോൾ ഉയരുന്ന വിഷപ്പുക സമീപത്തെ ജനവാസ കേന്ദ്രങ്ങളായ കണക്കൻ, അരുളപ്പൻ, ഫാത്തിമ, മിനിഫാത്തിമ തുടങ്ങി എട്ട് തുരുത്തിലെ താമസക്കാരെ മാരകരോഗങ്ങൾക്ക് ഇരയാക്കുന്നു. അടുത്തകാലത്ത് തുരുത്തുകളിൽ ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ശമനമില്ലാത്ത തലവേദന, ഛർദി, ശ്വാസംമുട്ടൽ തുടങ്ങിയ അസുഖങ്ങളും വ്യാപകമായുണ്ട്. കത്തിത്തീരാത്ത അവശിഷ്ടങ്ങളും ഇരുമ്പിൽനിന്നുള്ള മാലിന്യങ്ങളും കായലിലേക്ക് ഒഴുകി വെള്ളത്തെയും വിഷലിപ്തമാക്കുന്നു. തുരുത്തിന് സമീപം മീനുകൾ വലിയ തോതിൽ ചത്തുപൊങ്ങുന്നത് ഇപ്പോൾ പതിവാണ്. തുരുമ്പെടുത്ത ആണികൾ വൻതോതിൽ നിക്ഷേപിച്ചതിനാൽ തുരുത്തുകളിൽ കാല് കുത്താൻ കഴിയാത്ത അവസ്ഥയാണ്. ഇരുമ്പ് അവശിഷ്ടങ്ങൾ പലപ്പോഴും ചാക്കിൽക്കെട്ടി കായലിൽ കെട്ടിത്താഴ്ത്തുകയും ചെയ്യുന്നുണ്ട്. മാലിന്യം തള്ളുന്നത് 
ക്വട്ടേഷൻ സംഘം ബോട്ടുകൾ പൊളിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് മാലിന്യം ശേഖരിച്ച് തുരുത്തുകളിൽ തള്ളുന്നതിന് പ്രവർത്തിക്കുന്നത് നിരവധി ക്വട്ടേഷൻ സംഘങ്ങൾ. 10,000 മുതൽ 20,000 രൂപ വരെ ഈടാക്കിയാണ് മാലിന്യക്കൂമ്പാരം വള്ളത്തിൽ കയറ്റി തുരുത്തുകളിൽ തള്ളുന്നത്. സമീപവാസികൾ പലപ്പോഴും എതിർപ്പുമായി രംഗത്ത് എത്തിയപ്പോൾ ക്വട്ടേഷൻ സംഘം ഭീഷണിപ്പെടുത്തി. ചാരമാകുന്നത് ടൂറിസം സാധ്യതകളും പ്രാക്കുളം സാമ്പ്രാണിക്കോടിയെപ്പോലെ സഞ്ചാരികളുടെ പറുദീസയായി മാറേണ്ട തുരുത്തുകളാണ് അധികൃതരുടെ അനാസ്ഥയിൽ വെന്തെരിയുന്നത്. സ്വകാര്യ, റവന്യു ഭൂമിയായിട്ടുള്ള ചെറുതുരുത്തുകളെ ടൂറിസം സർക്യൂട്ടിന്റെ ഭാഗമാക്കി വികസിപ്പിച്ചാൽ സമീപത്തെ തുരുത്തുകളിലുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്ന് കൗൺസിലർ രാജു നീലകണ്ഠൻ പറഞ്ഞു. കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തും തുരുത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നതും കണ്ടൽക്കാടുകൾ നശിപ്പിക്കുന്നതും കലക്ടറുടെയും മേയറുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് സ്ഥലം സന്ദർശിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ അജിത്കുമാർ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് കലക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സമിതിക്ക് അടിയന്തര നടപടികൾ സ്വീകരിക്കാൻ കഴിയും. റിപ്പോർട്ട് പൂർത്തിയാക്കിയ ശേഷം ഇരുവരെയും കണ്ട് വിവരങ്ങൾ ധരിപ്പിക്കും.

 • ചിന്തൻ ശിബിരം പണിയായി പ്രായ‘പരിധി’വിട്ട്‌ നേതാക്കൾ
  on May 15, 2022 at 7:30 pm

  തിരുവനന്തപുരം> മത്സരിക്കാനും ഭാരവാഹിയാകാനും പ്രായപരിധി കർശനമാക്കണമെന്ന ചിന്തൻ ശിബിർ സന്ദേശം യാഥാർഥ്യമായാൽ കേരളത്തിലെ ഒട്ടനവധി കോൺഗ്രസ് നേതാക്കൾക്ക് ‘രാഷ്ട്രീയ വനവാസ’മാകും. ഭാരവാഹികളിലും സ്ഥാനാർഥികളിലും 50 ശതമാനം യുവപ്രാതിനിധ്യമെന്ന നിബന്ധനയുണ്ട്. 65 വയസ്സിന് മുകളിലുള്ളവർ ഭാരവാഹികളാകുന്നതും മത്സരിക്കുന്നതും പ്രോത്സാഹിപ്പിക്കേണ്ടെന്നുമാണ് ധാരണ. ഇക്കാര്യം നിബന്ധനയായി എഴുതിച്ചേർക്കുന്നത് തടയാൻ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾക്ക് കഴിഞ്ഞുവെന്നാണ് ഉദയ്പുരിൽ നിന്നുള്ള വിവരം മുമ്പും പല പ്രായപരിധി നിബന്ധനകൾ ഏർപ്പെടുത്തിയ പാർടിയാണ് കോൺഗ്രസ്. എന്നാൽ, ഇവയെല്ലാം ചിലർക്കുമാത്രമേ ബാധകമാകാറുള്ളൂവെന്നാണ് സംസ്ഥാനത്തെ ചില നേതാക്കൾ പറയുന്നത്. കെ സുധാകരൻ–- വി ഡി സതീശൻ അച്ചുതണ്ടിന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ കലാപക്കൊടി ഉയർത്തിയ കോൺഗ്രസ് നേതാവ് കെ വി തോമസിന്റെ ആരോപണങ്ങൾക്ക് ഇപ്പോൾ പ്രസക്തിയേറി. ചിലർക്ക് മത്സരിക്കാൻ പ്രായപരിധി പ്രശ്നമല്ല, വിരോധംമൂലം പ്രായപരിധി മറയാക്കി തന്നെ മാറ്റിനിർത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. 2016ൽ ഡിസിസി അധ്യക്ഷന്മാർക്ക് 60 വയസ്സ് പരിധി നിശ്ചയിച്ച് ഹൈക്കമാൻഡ് നിർദേശം നൽകിയെങ്കിലും കെപിസിസി കുറുക്കുവഴികളിലൂടെ അത് ലംഘിച്ചു. കെ സുധാകരനും വി ഡി സതീശനും പ്രായപരിധി നിബന്ധനകൾ കൊട്ടിഘോഷിച്ചെങ്കിലും പട്ടിക വന്നപ്പോൾ അവയെല്ലാം കാറ്റിൽപ്പറത്തി. തിരുവനന്തപുരം, വയനാട് അടക്കം ഡിസിസികളുടെയും കെപിസിസി ഭാരവാഹികളുടെയും കാര്യത്തിലും പ്രായപരിധി നിബന്ധന പാലിച്ചില്ലെന്ന് പഴയ ഐ ഗ്രൂപ്പ് നേതാവ് പറഞ്ഞു. പ്രായപരിധിയും പ്രവർത്തനമികവും പരിശോധിച്ചാൽ കെപിസിസിയിലും ഡിസിസികളിലും കമ്മിറ്റി അംഗങ്ങളായിരിക്കുന്നവരിൽ നല്ലൊരു ശതമാനം പുറത്തുപോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

 • ഡോക്‌ടർ എംഎല്‍എയാകണം; ഡോ. ജോ ജോസഫിന് വന്‍ സ്വീകരണം
  on May 15, 2022 at 6:58 pm

  കൊച്ചി> പോണേക്കര കളത്തിപ്പറമ്പിൽവീട്ടിൽ കെ ആർ മൈക്കിളും ഭാര്യ മേരി ജാനെറ്റും പറഞ്ഞത് ഒരേ വാക്കുകളാണ്–- ഞങ്ങളുടെ ഡോക്ടർ എംഎൽഎയാകണം. ഇരുവരുടെയും സഹോദരൻമാരുടെ ഹൃദയം കാത്തുരക്ഷിച്ച ഡോ. ജോ ജോസഫിന്റെ കൈകളിൽ പിടിച്ച് അവർ ആശംസ നേർന്നു. തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ കണ്ടുമുട്ടിയപ്പോഴാണ് ഇരുവരും മനസ്സ് തുറന്നത്. മൈക്കിളിന്റെ സഹോദരൻ ജോർജിന്റെയും മേരിയുടെ സഹോദരൻ ജെറാൾഡിന്റെയും ബൈപാസ് ശസ്ത്രക്രിയകൾ ഡോ. ജോ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു. ജോർജിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധപുലർത്തണമെന്ന് ഡോക്ടർ മൈക്കിളിന് സ്നേഹോപദേശവും നൽകി. ചെമ്പുമുക്ക് പള്ളി സന്ദർശിച്ചായിരുന്നു ഡോ. ജോ ഞായറാഴ്ച പര്യടനം ആരംഭിച്ചത്. തുടർന്ന് ഇടപ്പള്ളി പള്ളിയിലും പോണേ പള്ളിയിലും സ്ഥാനാർഥിയെത്തി. തുടർന്ന് നടൻ ശങ്കറിന്റെ അമ്മ സുലോചനാപണിക്കർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനുസമീപത്തെ ഫ്ലാറ്റിലെത്തി. അന്തരിച്ച മുൻ അഡ്വക്കറ്റ് ജനറൽ സി പി സുധാകരപ്രസാദിന്റെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ആലിൻചുവട് എസ്എൻഡിപി ഹാളിൽ വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും വിവാഹച്ചടങ്ങിലും പങ്കാളിയായി. വാഴക്കാലയിലും എൻജിഒ ക്വാർട്ടേഴ്സ് ജങ്ഷനിലും വീടുകളിലും സ്ഥാപനങ്ങളിലും വോട്ട് തേടിയെത്തി. പടമുകളിൽ ഐഎൻഎൽ തൃക്കാക്കര മണ്ഡലം കൺവൻഷനിലും പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ തെരഞ്ഞെടുപ്പുയോഗങ്ങളിൽ പങ്കെടുത്തു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, ജി ആർ അനിൽ, സജി ചെറിയാൻ എന്നിവർ വിവിധയിടങ്ങളിൽ സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥിച്ചു.സി ആർ നീലകണ്ഠനും സ്ഥാനാർഥിക്ക് വിജയാശംസകൾ നേർന്നു.

 • 5 ജില്ലയിൽ റെഡ്‌ അലർട്ട്‌; അതിതീവ്ര മഴ, വ്യാപക നഷ്ടം
  on May 15, 2022 at 6:49 pm

  തിരുവനന്തപുരം> സംസ്ഥാനത്ത് തുടരുന്ന കനത്ത കാറ്റിലും മഴയിലും ഞായറാഴ്ച പത്ത് വീട് തകർന്നു. എറണാകുളത്ത് മരം വീണ് അഞ്ചും ആലപ്പുഴയിൽ മൂന്നും കോഴിക്കോട് എടച്ചേരി പഞ്ചായത്തിൽ രണ്ടും വീടാണ് തകർന്നത്. ശനി മുതൽ ഞായർവരെ 30.18 ഹെക്ടർ കൃഷി നശിച്ചു. 45.88 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. കൊച്ചിയിൽ ഒരു ദുരിതാശ്വാസക്യാമ്പ് തുറന്നു. 39 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വൈപ്പിൻ–-മുനമ്പം സംസ്ഥാനപാതയിൽ മരംവീണ് ആറുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. തൃശൂർ കൊടകരയിൽ 20 വീട്ടിൽ വെള്ളം കയറി. താമസക്കാരെ കൊടകര എൽപി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.എറിയാട് എൽപി സ്കൂളിലും ക്യാമ്പ് ആരംഭിച്ചു. ആലപ്പുഴ അപ്പർകുട്ടനാട്ടിൽ നെല്ല് സംഭരണത്തെ മഴ കാര്യമായി ബാധിച്ചു. തോട്ടപ്പള്ളി സ്പിൽവേയിലെയും തണ്ണീർമുക്കം ബണ്ടിലെയും മുഴുവൻ ഷട്ടറും തുറന്ന്​ കൂടുതൽ വെള്ളം ഒഴുക്കിവിടും. തോട്ടപ്പള്ളി പൊഴിയിലൂടെ 100 മീറ്റർ വീതിയിൽ വെള്ളം ഒഴുകുന്നുണ്ട്. കോഴിക്കോട് മലയോരമേഖലയിൽ മൂന്നുദിവസമായി മഴ ശക്തം. പുഴകളിൽ ജലനിരപ്പുയർന്നു. റെക്കോഡ് പെയ്ത്ത് ശനി രാവിലെമുതൽ ഞായർ രാവിലെവരെ സംസ്ഥാനത്ത് പെയ്തത് റെക്കോഡ് മഴ. ശരാശരി 52 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആലുവയിലാണ് (226 മില്ലീമീറ്റർ). കൊടുങ്ങല്ലൂർ -200, തൃപ്രയാർ 190 മില്ലീമീറ്റർ. 39 മഴസ്റ്റേഷനിൽ 100 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തി. വയനാട് രണ്ടാഴ്ചയ്ക്കുള്ളിൽമാത്രം 115 മില്ലീമീറ്ററിലധികം മഴ ലഭിച്ചു. മാർച്ച് ഒന്നുമുതൽ മെയ് 15വരെ 326.8 മില്ലീമീറ്റർ മഴയാണ് പെയ്തത്. ഈ ജില്ലകളിൽ മഴ കനക്കും തിങ്കൾ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തേക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരത്തും പാലക്കാട്ടും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളതീരത്തുനിന്ന് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മീൻപിടിത്തത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.